• കൊട്ടക്കമ്പൂര്‍ ഭുമിയുടെ ഉടമസ്ഥാവകാശം ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കി

     ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരില്‍ ജോയ്സ് ജോര്‍ജ് കൈവശം വച്ചിരുന്ന 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് നഷ്ടമായി. ഭൂമിയുടെ പട്ടയം ഇടുക്കി ജില്ലാ ഭരണകൂടം റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിവാദ ഭൂമിയുടെ അവകാശം എംപിക്ക് നഷ്ടമാകുന്നത്.ജോര്‍ജും ബന്ധുക്കളും അഞ്ചിടത്തായി കൈവശം വച്ചിരുന്ന നാല് ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കളക്ടര്‍ വിആര്‍ പ്രേംകുമാര്‍ റദ്ദാക്കിയത്. ഇത് സര്‍ക്കാരിന്റെ തരിശ് ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ജോയ്സ് ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. 
     
    ശേഷിക്കുന്ന ഭൂമി ബന്ധുക്കളുടെ പേരിലാണ്. ജോയ്സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടില്‍ ജോര്‍ജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ റജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച് നേരത്തെ ഇടുക്കി ജില്ലാ കലക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു.വ്യാജ രേഖകളിലൂടെയാണു ജോയ്സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടര്‍ന്നാണ് ഇതു പരിശോധിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. 2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരില്‍ ജോയ്സ് ജോര്‍ജ് എംപിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ദേവികുളം പോലീസ് കേസെടുത്തത്