• അതിരുകടന്നു കൊള്ളപ്പലിശക്കാരുടെ ഗുണ്ടായിസം

     അഞ്ചലില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പലിശക്കാരന്‍ ഒരു കുടുംബത്തെ സ്വന്തം വീട്ടില്‍നിന്നും ഇറക്കിവിട്ടത്. ഏരൂര്‍ കരിമ്പിന്‍കോണം സ്വദേശി രാജമ്മയോടും കുടുംബാംഗങ്ങളോടുംമാണ് കുപ്രസിദ്ധ കൊള്ളപലിശക്കാരന്‍ ഷൈജുവിന്റെ കടന്നാക്രമണം.ഏതാനും വര്‍ഷം മുമ്പ് ഏരൂര്‍ സ്വദേശിയായ ഷൈജുവില്‍ നിന്നും രാജമ്മയുടെ മകന്‍ ഹരി കുമാര്‍ മുപ്പത് ലക്ഷം രൂപ പലിശയ്ക്കെടുത്തിരുന്നു. ഇതില്‍ 25 ലക്ഷം തിരികെ നല്‍കി. എന്നാല്‍ ബാക്കി തുകയും പലിശയുള്‍പ്പെടെ ഉടന്‍ തന്നെ കൊടുത്ത് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പലിശക്കാരനും ഗുണ്ടകളും ഇവരെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും ഒഴിപ്പിച്ചത്.
     
    രാജമ്മ, മകന്‍ ഹരികുമാര്‍ ,ഭാര്യ സിന്ധു ,14 വയസ്സുള്ള പെണ്‍കുട്ടി , 6 വയസ്സുള്ള ആണ്‍കുട്ടിയും അടങ്ങുന്ന ഒരുകുടുംബം വീട് നഷ്ടപ്പെട്ട് ഇന്ന് തെരുവിലാണ് കഴിയുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ഷൈജു ഏറെ നാളായി അഞ്ചലില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. നേരത്തേ ഷൈജുവിന്റെ അക്രമങ്ങള്‍ക്കെതിരേ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും മുഖ്യമന്ത്രി ഇവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നതുമാണ്.