• ലോക ജൈവ കോണ്‍ഗ്രസ്സിന് നാളെ തുടക്കമാകും. നോയ്ഡ എക്‌സ്‌പോ സെന്റര്‍ ഒരുങ്ങി.

  സി.ഡി.സുനീഷ്
   
  രാസ കീടനാശിനി കൃഷിയുടെ കൊടും ,കെടുതികള്‍ മണ്ണിനേയും മനുഷ്യരുടെ ആരോഗ്യത്തേക്കും കവര്‍ന്നെടുത്ത് കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇതിനെതിരെ ഉള്ള ജൈവ പ്രതിരോധം എന്ന നിലയില്‍ നടക്കുന്ന ,ലോക ജൈവ കോണ്‍ഗ്രസ്സിന് ഗ്രേറ്റര്‍ നോയ്ഡ ഒരുങ്ങി.
  ഇന്ത്യയില്‍ പ്രഥമമായിനടക്കുന്ന 19 -മത് ലോക ജൈവകൃഷി സമ്മേളനത്തിന് ( ORGANIC WORLD CONGRESS) ഡെല്‍ഹി ഒരുങ്ങി കഴിഞ്ഞു. 2017 നവം 9, 10, 11, തീയതികളില്‍ ഡെല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യാ എക്‌സ്‌പോ സെന്ററില്‍  വെച്ചാണ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ രാജ്യാന്തര സമ്മേളനത്തില്‍ വിദേശ പ്രതിനിധികളും ഇന്ത്യയിലെ ജൈവകര്‍ഷക സമൂഹം എത്തി തുടങ്ങി.ഐഫോം (INTERNATIONAL FEDERATION OF ORGANIC AGRICULTURE MOVEMENTS) ഓര്‍ഗാനിക് ഇന്റര്‍നാഷണലിന്റെയും ഓര്‍ഗാനിക് ഫാമിംഗ് അസ്സോസിയേയഷന്‍ ഓഫ് ഇന്ത്യയുടെയും (OFAI) ആഭിമുഖ്യത്തിലാണ് വേള്‍ഡ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.110 രാജ്യങ്ങളിലെ ജൈവകര്‍ഷകരും കാര്‍ഷിക ശാസ്ത്രജ്ഞരും  നയവിദഗ്ദരും ഗവേഷണ സ്ഥാപനങ്ങളും  ഗവണ്മെന്റ് പ്രതിനിധികളും പങ്കെടുക്കുന്നു.  
  ഇപ്രാവശ്യം ഇന്ത്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോകം മുഴുവനുമുള്ള തെരഞ്ഞെടുത്ത 150 ജൈവകര്‍ഷകരുടെ കൃഷിരീതികളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ,ഉണ്ടായിരിക്കും. ജൈവകൃഷിയും വിത്തും സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട 160
  ശാസ്ത്രീയ പഠന പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെടുന്നു. 200 ഓളം കര്‍ഷകരുടെ നൂറു കണക്കിന് വരുന്ന നാടന്‍ വിത്തുകളുടെ വൈവിധ്യങ്ങള്‍, പ്രദര്‍ശനവും നടക്കും.വിവിധ ജൈവ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. മൂന്നു ദിവസത്തെ മൂവായിരം പേര്‍ക്കുള്ള ഭക്ഷണവും ചെറുധാന്യങ്ങള്‍ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ജൈവ കര്‍ഷകരില്‍ നിന്നാണ് ഭക്ഷണത്തിന് വേണ്ട സാധനങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. 
  കേരളത്തില്‍ നിന്ന് കേരളാ ജൈവകര്‍ഷക സമിതി  25 ഓളം ജൈവകര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ കൃഷി മന്ത്രി വി എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ എല്ലാ ഏജന്‍സി മേധാവികളും തിരഞ്ഞെടുക്കപ്പെട്ട ജൈവകര്‍ഷകരും തണല്‍ "സേവ് ഔര്‍ റൈസ്" കാംപയിന്‍ പ്രവര്‍ത്തകരും പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. 
  കേരളത്തിലെ 11 ജൈവകര്‍ഷകരുടെ 15 മിനുട്ട് വരുന്ന പ്രസന്റേഷന്‍ ഉണ്ടായിരിക്കും. 
   ശ്രീ കെ ചന്ദ്രന്‍ മാസ്റ്റര്‍ എടപ്പാള്‍, ശ്രീ ബ്രഹ്മദത്തന്‍ പട്ടാമ്പി, ശ്രീമതി ശ്രീജ ആറങ്ങോട്ടുകര, ശ്രീ പി. ജെ. മാനുവല്‍ വയനാട്, ശ്രീമതി ബീന സഹദേവന്‍ മതിലകം, ശ്രീമതി മോളി പോള്‍ കോട്ടയം, ശ്രീ ടി വി. ജയകൃഷ്ണന്‍ ചാത്തമംഗലം, ശ്രീ കെ. പി. ഇല്യാസ്,   ശ്രീ സൂരജ് വയനാട്, ശ്രീ നന്ദകുമാര്‍ പാലക്കാട്, ശ്രീമതി മീര രാജേഷ് വയനാട് എന്നിവരാണ് അവതരണങ്ങള്‍ നടത്തുന്നത്. കേരള ജൈവകര്‍ഷക സമിതിയുടെ സില്‍വര്‍ ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച ശ്രീ അശോകകുമാര്‍ വി എഴുതിയ രാസവളം വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള "രോഗം വിതറുന്ന രാസവളം" എന്ന പുസ്തകം DISEASE - SPAWNING CHEMICAL FERTILIZER എന്ന പേരില്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത പുസ്തകം ലോക ജൈവകൃഷി സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്യുന്നതായിരിക്കും. ഇന്ത്യയിലും പുറംരാജ്യങ്ങളിലും അറിയപ്പെടുന്ന പരിസ്ഥിതി പ്രസിദ്ധീകരണ പ്രസ്ഥാനമായ OTHER INDIA PRESS ആണ് ഇത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത്.ഓര്‍ഗാനിക് വേള്‍ഡ് കോണ്‍ഗ്രസ് ഇന്ത്യയില്‍ നടക്കുമ്പോള്‍ കേരളം പങ്കാളിത്ത സംസ്ഥാനമായി ആണ് പങ്കെടുക്കുന്നത്. നമ്മുടെ കൃഷി മന്ത്രി ശ്രീ വി. എസ് സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ഛഎഅക യുടെ ഡയറക്ടര്‍ ശ്രീ ക്ലോഡ് അള്‍വാരിസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.  നവംബര്‍10 ന് വേള്‍ഡ് കോണ്‍ഗ്രസ്സില്‍ കൃഷി മന്ത്രി പങ്കെടുത്ത് സംസാരിക്കുന്നുണ്ട്.
   
  ജൈവകൃഷിയില്‍ കേരളത്തിന്റെ നേട്ടങ്ങളെ പരിചയപ്പെടുത്തുന്ന വിപുലമായ പ്രദര്‍ശനം ഇവിടെ തയ്യാറായി കഴിഞ്ഞു.
  ഹരിതാ നിയമാവലിക്കനുസൃതമായി നടക്കുന്ന ഈ സമ്മേളനത്തില്‍ എല്ലാ മേഖലകളും സൂക്ഷ്മ ജാഗ്രതയോടെയാണ് നടത്തുന്നത്.
  ജൈവ കാര്‍ഷിക നയത്തിലേക്ക് കേരളം ഉറച്ച ചുവടുകള്‍ വെക്കാന്‍ ഒരുങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിന്റെ സജീവമായ പങ്കാളിത്തം ജൈവകര്‍ഷക നയത്തെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9 ന് രാവിലെ 10 മണിക്ക് ഔപചാരിക ഉദ്ഘാടനത്തോടെ ലോക ജൈവ കോണ്‍ഗ്രസ്സിന്റെ സജീവ ചര്‍ച്ചകള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും തിരശ്ശീല ഉയരും.