• രാജ്യത്തിന് വേണ്ടാത്ത കോടിക്കണക്കിനു രൂപ ആഫ്രിക്കയ്ക്ക്

     രാജ്യത്തിന് വേണ്ടാത്ത കോടിക്കണക്കിനു രൂപയുടെ നോട്ടുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കി ഇന്ത്യ. ഇന്ത്യ പിന്‍വലിച്ച 1000 രൂപയുടെയും 500 രൂപയുടെയും 800 ടണ്‍ നോട്ടുകളാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷെ നോട്ടുകളായല്ല കാര്‍ഡ് ബോര്‍ഡുകളുടെ രൂപത്തിലാണ് ഇന്ത്യന്‍ കറന്‍സി ദക്ഷിണാഫ്രിക്കയിലെത്തുക.2019ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പു പ്രചരണത്തിനായാണ് ദക്ഷിണാഫ്രിക്ക ഈ നോട്ടുകള്‍ ഉപയോഗിക്കുക. പ്ലക്കാര്‍ഡുകള്‍ക്കും ബോര്‍ഡുകള്‍ക്കുമായി ഹാര്‍ഡ് ബോര്‍ഡുകള്‍ കയറ്റുമതി ചെയ്തു തുടങ്ങിയതായി വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് മാനേജിങ്ങ് ഡയറക്ടര്‍ പികെ മായന്‍ മുഹമ്മദ് പറഞ്ഞു.സൗദി അറേബ്യയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
     
    ചെറിയ തുണ്ടുകളായി കീറിയ നിലയിലാണ് നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസില്‍ നിന്നു കണ്ടെയ്നറുകളില്‍ എത്തിക്കുന്നത്. ഇവ ആവിയില്‍ നന്നായി പുഴുങ്ങി, ഡിഫൈബ്രേറ്ററില്‍ അരച്ചെടുത്തു പള്‍പ്പാക്കുകയാണ് ചെയ്യുക. നിരോധിച്ച് രണ്ടാഴ്ചയ്ക്കകം തന്നെ നോട്ടുകള്‍ "വെസ്റ്റേണ്‍ ഇന്ത്യ"യില്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ടണ്ണിനു 128 രൂപയാണു റിസര്‍വ് ബാങ്ക് നിശ്ചയിച്ച വില. നോട്ടുകള്‍ കത്തിച്ചു കളയാനാണ് ആദ്യം റിസര്‍വ് ബാങ്ക് ആലോചിച്ചതെങ്കിലും പരിസ്ഥിതി പ്രശ്നം പരിഗണിച്ച് തീരുമാനം മാറ്റുകയും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് അധികൃതരെ സമീപിക്കുകയുമായിരുന്നു. നോട്ടുകള്‍ ചേര്‍ത്ത ഹാര്‍ഡ് ബോര്‍ഡിനു തിളക്കവും ഉറപ്പും കൂടുതലാണെന്നും ചില വ്യാപാരികള്‍ പ്രീമിയം ബ്രാന്‍ഡ് ആയാണു വില്‍ക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.