• പത്മാവതി ഡിസംബര്‍ ഒന്നിന്

     ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപെടുത്തുന്നുവെന്ന് ആരോപിച്ചാണ് ബിജെപി പത്മാവതി എന്ന ചിത്രത്തിനെതിരെ രംഗത്തുവന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിന്റെ റിലീസിങിന് താത്കാലിക വിലക്കേര്‍പ്പെടുത്തണമെന്ന ബിജെപിയുടെ ആവശ്യം. ഇത് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിനിമ റിലീസ് ചെയ്യുന്നത് അനാവശ്യ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ബിജെപിയുടെ വാദം.ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രം നിരോധിക്കുകയോ റിലീസ് താത്കാലികമായി തടയുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. റിലീസിങിന് മുന്‍പായി ഒരു വിഭാഗം രജപുത്ര നേതാക്കള്‍ക്കുവേണ്ടി പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപെടുത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബിജെപി എതിര്‍പ്പുമായെത്തിയത്. 
     
    എന്നാല്‍ ചിത്രത്തില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളള ഉളളടക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് പത്മാവതി. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്നിക്കിരയാക്കിയത് വിവാദമായിരുന്നു. 14ആം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് ഈ സിനിമ. ദീപിക റാണി പത്മിനിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിടുന്നു. 160 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.