• കാര്‍ഷികയന്ത്രങ്ങള്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല

  വി.എസ്. സുനില്‍ കുമാര്‍
  കൃഷി വകുപ്പ് മന്ത്രി
   
   കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ കീഴില്‍ തൃശൂരിലെ(അരിമ്പൂര്‍) ഓഫീസില്‍ ട്രാക്ടര്‍, ടില്ലര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം നശിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില പ്രചരണങ്ങള്‍ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ വസ്തുതയും യാഥാര്‍ത്ഥ്യങ്ങളും പൊതുജനങ്ങളെ അറിയിക്കണമെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തൃശൂര്‍-പൊന്നാനി കോള്‍ വികസന പദ്ധതിയുടെ അടങ്കല്‍ തുകയില്‍ നിന്ന് 200 ടില്ലര്‍, 20 ട്രാക്ടര്‍, 50 കൊയ്ത്തുമെതി യന്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങിക്കൂട്ടി. ഇവയെല്ലാം തന്നെ കര്‍ഷകര്‍ക്ക് നല്‍കാതെ മഴയും വെയിലും കൊണ്ട് നശിക്കുന്നതിന് അന്നത്തെ സര്‍ക്കാര്‍ അവസരമുണ്ടാക്കുകയാണ് ചെയ്തത്. ഈ യന്ത്രങ്ങള്‍ ആര്‍ക്ക്, എങ്ങനെ, ഏത് മാനദണ്ഡമനുസരിച്ച് വിതരണം ചെയ്യണമെന്ന കാര്യത്തില്‍ യാതൊരു ധാരണയുമില്ലാതെയും കേവലം പദ്ധതി പണം ചെലവഴിക്കുക എന്ന രീതിയിലാണ് ഈ യന്ത്രങ്ങള്‍ വാങ്ങിച്ചത്. വാങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചല്ല, ഇവയ്ക്ക് വകയിരുത്തിയ പണം ഏതെങ്കിലും പ്രകാരത്തില്‍ ചെലവഴിച്ച് എക്സെന്‍ഡീച്ചര്‍ റിപ്പോര്‍ട്ട് നല്‍കുക എന്നതായിരുന്നു ലക്ഷ്യം എന്നുവേണം മനസ്സിലാക്കാന്‍.
   
  എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കകം കൃഷി വകുപ്പ് മന്ത്രി എന്ന നിലയില്‍ ഞാന്‍ തന്നെ നേരിട്ട് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ കീഴില്‍ തൃശൂരിലെ(അരിമ്പൂര്‍) ഓഫീസില്‍ സന്ദര്‍ശനം നടത്തുകയും ലക്ഷക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികള്‍ നശിച്ചുകൊണ്ടിരിക്കുന്നത് നേരില്‍ ബോധ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവ മഴയും വെയിലുമേല്‍ക്കാതിരിക്കാന്‍ ആവശ്യമായ ഷെഡ്ഡുകള്‍ നിര്‍മ്മിച്ച് സുരക്ഷിതമാക്കുന്നതിന് നടപടി സ്വീകരിച്ചു. 50 കൊയ്ത്തുമെതിയന്ത്രങ്ങള്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ വഴി കര്‍ഷകര്‍ക്ക് അനുവദിക്കുകയും ആ യന്ത്രങ്ങള്‍ ഉപയോഗിച്ച് വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്തുനടന്നുവരികയുമാണ്. യോഗം പോലും ചേരാതെ നിശ്ചലമായിരുന്ന തൃശൂര്‍-പൊന്നാനി കോള്‍ വികസന ഏജന്‍സി പുനഃസംഘടിപ്പിക്കുകയും മേല്‍ സൂചിപ്പിച്ച യന്ത്രങ്ങള്‍ വിതരണം നടത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേങ്ങളും തയ്യാറാക്കി, കോള്‍ വികസന ഏജന്‍സി മുഖാന്തിരം ഇവ അര്‍ഹരായ കര്‍ഷകര്‍ക്ക് ഗുണപ്രദമായ രീതിയില്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന കൃഷി വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് കോള്‍ വികസന ഏജന്‍സിയുടെ ചുമതലക്കാരനായ ജില്ലാ കളക്ടര്‍, കര്‍ഷകര്‍, പാടശേഖര സമിതികള്‍ തുടങ്ങിയവയില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് ഇവ വിതരണം ചെയ്യുന്നതിനുവേണ്ടി കോള്‍ വികസന ഏജന്‍സിയുടെ സബ്ബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ആ പ്രക്രിയ തൃശൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഈ സീസണില്‍ തന്നെ ഇവ അര്‍ഹരായവരുടെ കൈകളില്‍ എത്തുമെന്ന് സംസ്ഥാന സര്‍ക്കാരും കൃഷി വകുപ്പും ഉറപ്പാക്കിയിട്ടുണ്ട്.
   
  ഇതിനിടയിലാണ് മേല്‍ പ്രസ്താവിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റ് എഴുതിയ ആളുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുന്നതോടൊപ്പം, ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു. ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇത്തരത്തില്‍, വിവിധ സര്‍ക്കാരുകളുടെ കാലത്ത്, കേരളത്തിന്റെ കാര്‍ഷികമേഖലകളില്‍ പല പദ്ധതികളുടെ പേരില്‍ വാങ്ങിക്കൂട്ടിയ യന്ത്രസാമഗ്രികള്‍ നശിച്ചുകിടക്കുന്നതായി സംസ്ഥാന കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടന്നുവരികയാണ്. മാത്രവുമല്ല, സംസ്ഥാന അടിസ്ഥാനത്തില്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും കാര്‍ഷിക കര്‍മ്മ സേനകള്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ്. 
   
  ഈ കര്‍മ്മ സേനകള്‍ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുന്നതിനും ഇവ മുഖേന കാര്‍ഷികരംഗത്ത് ആധുനിക യന്ത്രവത്കരണം നടപ്പിലാക്കുന്നതിനുമായി ഈ രംഗത്തെ വിദഗ്ധനും കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞനുമായ ഡോ. ജയകുമാറിനെ സംസ്ഥാനതല കാര്‍ഷിക കര്‍മ്മ സേന നോഡല്‍ ഓഫീസറായി നിയമിച്ചുകഴിഞ്ഞു. കാര്‍ഷിക കര്‍മ്മ സേനകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്ത് ഉപയോഗിക്കാതെ കിടക്കുന്ന മുഴുവന്‍ കാര്‍ഷിക യന്ത്രസാമഗ്രികളും നവീകരിച്ച് കര്‍ഷകരിലേക്ക് ലഭ്യമാക്കുന്നതാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി വാങ്ങുന്ന ഏതൊരു യന്ത്രസാമഗ്രിയും ആവശ്യകതയുടെ അടിസ്ഥാനത്തിലും വ്യക്തമായ മാനദണ്ഡങ്ങള്‍ക്ക് വിധേയമായും ഉപയോഗിക്കുമെന്ന് ഉറപ്പാക്കിയശേഷം മാത്രമായിരിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. വകയിരുത്തിയ ഫണ്ട് ഏതുവിധേനയും എത്രയും വേഗം വിനിയോഗിച്ച് എക്സ്പെന്‍ഡീച്ചറാക്കുന്നതിനുള്ള കുറുക്കുവഴിയായും അതിന്റെ പേരില്‍ അഴിമതി നടത്തുന്നതിനുമുള്ള ഒരു സാഹചര്യവും സംസ്ഥാന കൃഷി വകുപ്പില്‍ ഉണ്ടാവുകയില്ല. അത്തരമൊരു നീക്കം അനുവദിക്കാനും പോകുന്നില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാന കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കര്‍ഷകകേന്ദ്രീകൃതവുമായി മുന്നോട്ടുപോവുകയുമാണ് എന്ന കാര്യവും ഏവരെയും അറിയിക്കുന്നു.
   
  സസ്നേഹം
   
  വി.എസ് സുനില്‍ കുമാര്‍
  കൃഷി വകുപ്പ് മന്ത്രി