• മിന്നലേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്

    വിളക്കുപാറയില്‍ മിന്നലേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബോധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിളക്കുപാറ അംഗന്‍വാടിക്കും സമീപം നിര്‍മ്മിക്കുന്ന പകല്‍വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. തമിഴ്‌നാട് തെങ്കാശി തേവര്‍തെരുവില്‍ കണ്ണന്‍, തെങ്കാശി ശ്രീഹരിതെരുവില്‍ മുനിയാണ്ടി, പുനലൂര്‍ കാര്യറ തുണ്ടില്‍ വീട്ടില്‍ അബ്ദുല്‍ അസീസ് എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഗരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ കണ്ണന്‍ മരണപ്പെട്ടു. 
     
    മറ്റ് രണ്ടു പേരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്നലില്‍ വ്യാപക നാശമാണ് വിളക്കുപാറയില്‍ സംഭവിച്ചത്. നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങളും അംഗന്‍വാടി കെട്ടിടവും തകര്‍ന്നു. അംഗന്‍വാടി കെട്ടിടത്തിന് വിള്ളല്‍ സംഭവിക്കുകയും വയറിങ് സംവിധാനം തകരുകയും ചെയ്തു. കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി അംഗന്‍വാടിയില്‍ അധ്യയനം നേരത്തെ അവസാനിപ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.