• പുനലൂര്‍ നഗരസഭാ കേരളോത്സവത്തിന് തുടക്കമായി

    പുനലൂര്‍ നഗരസഭാ കേരളോത്സവത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എം എ രാജഗോപാല്‍ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ പ്രഭ അധ്യക്ഷയായി. കേരളോത്സവം കോ-ഓര്‍ഡിനേറ്റര്‍ സുബിരാജ് സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാരായ ജയപ്രകാശ്, പ്രസന്ന മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ദിനേശന്‍, നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് എസ് പ്രകാശ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജി തുടങ്ങിയവര്‍ സംസാരിച്ചു. 
     
    ഒന്ന്, രണ്ട് തീയതികളിലായി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കും, വൈ.എം.സി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരങ്ങള്‍, മൂന്നാം തീയതി ശിവന്‍കോവില്‍ ഗ്രൗണ്ടില്‍ വോളീബോള്‍ മത്സരങ്ങളും ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബാസ്‌ക്കറ്റ്ബോള്‍ മത്സരങ്ങളും നടക്കും. നാലാം തീയതി ചെമ്മന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങളും അഞ്ചാം തീയതി ജവഹര്‍ ബാലകലാഭവനില്‍ കലാമത്സരങ്ങളും നടക്കും.