• രാഷ്ട്രീയ പ്രവര്‍ത്തനവം സ്‌കൂളുകളിന് പുറത്ത് : ഹൈക്കോടതി

     കുട്ടികള്‍ സ്‌കൂളുകളില്‍ വരുന്നത് പഠിക്കാനാണ്. ധര്‍ണയും പട്ടിണി സമരവും സത്യാഗ്രഹവും സ്‌കൂളുകളില്‍ നടത്താന്‍ പാടില്ല. അത്തരം സമരങ്ങളുമായി വരുന്നവരെ പുറത്താക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. വിദ്യാഭ്യാസവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒന്നിച്ച് പോകില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ പഠനം ഉപേക്ഷിച്ച് പോകണം. 
     
    കുട്ടികള്‍ സമരമുഖത്ത് വരാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിദ്യാലയങ്ങള്‍ക്ക് അകത്തോ പ്രവേശന വഴിയിലോ പരിസരങ്ങളിലോ സമരപന്തലും ധര്‍ണയും അനുവദിക്കരുതെന്നും ഇക്കാര്യം പോലീസ് ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അടുത്തിടെ കോട്ടയം സിഎംഎസ് കോളജിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനമോ ബാനറുകളോ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. പ്രവേശന വഴിയില്‍ സമരം നടത്തുന്നത് ചോദ്യം ചെയ്ത് കോളജ് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. കോളജ് പ്രവേശന വഴിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും മുന്‍പ് കോടതി ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോളജിന്റെ പരാതി.