• ശബരിമലയിലെ സ്ത്രീപ്രവേശനം; ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

     ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ സാധുതകള്‍ പരിശോധിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ഉത്തരവിട്ടത്.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിനു ഭരണഘടനാ സാധുതയുണ്ടോ, ക്ഷേത്ര പ്രവേശന ചട്ടങ്ങളില്‍ ഇതിന് അനുവദിക്കുന്നുണ്ടോ, സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നത് ലിംഗ വിവേചനത്തിന്റെ പരിധിയില്‍ വരുന്നുണ്ടോ, മൗലികാവകാശത്തിന്റെ ലംഘനമുണ്ടാകുന്നുണ്ടോ എന്നിങ്ങനെയുള്ള അഞ്ചു വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വരുന്നത്. കേസില്‍ എന്നു വാദം കേള്‍ക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടില്ല.പത്തിനും അന്പത്തിനുമിടക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോദിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് മുന്‍പ് വ്യക്തമാക്കിയിരുന്നു 
     
    ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക. കേസില്‍ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് നിലപാടാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ച് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.