• താന്‍ തെറ്റുകാരനല്ലെന്ന വാദവുമായി വീണ്ടും; ഉമ്മന്‍ചാണ്ടി

    ഒരിക്കലും പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോഴത്തേതുപോലെതന്നെ മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാനായി വിവാരാവകാശ നിയമപ്രകാരം അപേക്ഷയും നല്‍കിയിട്ടുണ്ട്.
    സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താന്‍ തെറ്റുകാരനല്ലെന്ന വാദവുമായി വീണ്ടും രംഗത്തെത്തി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കുറ്റം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് യാതൊരു ഭയവുമില്ലെന്നും കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും എതിരായി നടത്തുന്ന രാഷ്ട്രീയനീക്കമാണ് ഇപ്പോഴത്തേതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. 
     
    ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ബലാല്‍സംഗത്തിന് ക്രിമിനല്‍ കേസും എടുത്ത് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനാലാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് RTI ആക്ട് പ്രകാരം നല്‍കണമെന്ന് കാട്ടി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കൂടാതെ വിവരാവകാശനിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് നേരത്തെ അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും എത്രയും വേഗം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി മുഖ്യവിവരാവകാശ കമ്മീഷന് പരാതിയും കൈമാറിയിട്ടുണ്ട്.