• വേങ്ങരയില്‍ മികച്ച പോളിങ്

     വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എട്ടുശതമാനം പോളിങാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ 22 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴിനു തുടങ്ങിയ വോട്ടിങ് പുരോഗമിക്കുകയാണ്. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ചു വരിയില്‍നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആര്‍ക്കാണു വോട്ട് ചെയ്തതെന്നു വോട്ടര്‍മാര്‍ക്കു കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.രണ്ടു സ്വതന്ത്രരുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടര്‍മാരാണു വേങ്ങരയിലുള്ളത്. ആറു മാസം മുന്‍പു നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. 
     
    കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്ട്രോങ് റൂമിലെത്തിക്കും. വോട്ടെണ്ണല്‍ ഞായറാഴ്ച. മുസ്ലിം ലീഗ് എംഎല്‍എ ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെഎന്‍എ ഖാദര്‍ (യുഡിഎഫ്), പിപി ബഷീര്‍ (എല്‍ഡിഎഫ്), കെ ജനചന്ദ്രന്‍ (എന്‍ഡിഎ), കെസി നസീര്‍ (എസ്ഡിപിഐ), ഹംസ കറുമണ്ണില്‍ (സ്വതന്ത്രന്‍), ശ്രീനിവാസ് (സ്വതന്ത്രന്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍