• കേരളം എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന സംസ്ഥാനമാണ്.

     
     കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നെന്ന വാര്‍ത്ത അവാസ്തവമാണെന്നും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. കേരളം എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന സംസ്ഥാനമാണ്. ഒരു തരത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. തെറ്റായ സന്ദേശങ്ങളില്‍ ആരും കുടുങ്ങരുതെന്ന് അദ്ദേഹം ഹിന്ദിയിലും ബംഗാളിയിലും അഭ്യര്‍ഥിച്ചു. എവിടെ നിന്നാണ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ സൃഷ്ടിച്ചതെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. കേരളത്തിനെതിരായ ഇത്തരം പ്രചരണങ്ങളില്‍ ദുഃഖമുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
     
    കഴിഞ്ഞ ദിവസം മുതലാണ് ബംഗാളില്‍ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ ഉണ്ടായത്. കോഴിക്കോട്ട് ജോലി ചെയ്യുന്ന ഹോട്ടല്‍ തൊഴിലാളികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയാണെന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുകയായിരുന്നു. ഇതോടെ ഭയന്നു പോയ ചില തൊഴിലാളികള്‍ ഉടന്‍ സ്ഥലം വിട്ടു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളുടെ ബന്ധുക്കളും ആശങ്കയിലായി. അവര്‍ കേരളത്തിലുള്ളവരോട് എത്രയും വേഗം തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. പലരും ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മടങ്ങുകയായിരുന്നു.