• കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൃത്തിയാക്കി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

    കുര്യോട്ടുമലയിലെ പത്തനാപുരം എന്‍ജിനീയറിങ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഗാന്ധിജയന്തി വാരാഘോഷം. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൃത്തിയാക്കി. പുനലൂര്‍ ഡിപ്പോയും ഇവിടത്തെ ബസുകളുമാണ് കുട്ടികള്‍ കഴുകി വൃത്തിയാക്കിയത്. ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ടിക്കറ്റ് ഉള്‍പ്പെടെയുള്ള പാഴ്ക്കടലാസുകള്‍ തുടങ്ങിയവ ബസുകളില്‍ ഉപേക്ഷിക്കരുതെന്ന് ഇവര്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 
    ശനിയാഴ്ച രാവിലെ ആരംഭിച്ച ശുചീകരണം പുനലൂര്‍ സബ് ഇന്‍സ്പെക്ടര്‍ ജെ.രാജീവ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അജിഷ, കംപ്യൂട്ടര്‍ വിഭാഗം മേധാവി ആര്‍.പ്രശാന്ത്, കെ.എസ്.ആര്‍.ടി.സി. കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, അജീഷ്, സുമേഷ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. വൊളന്റിയര്‍മാരായ ആദര്‍ശ് മണിലാല്‍, അമല്‍ പ്രസാദ്, ജിബിന്‍ ജോര്‍ജ്, ഋതുദേവ്, ഭാഗ്യ, അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.