• അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്ഐയ്ക്കെതിരെ നടപടി.

     അഞ്ചല്‍ ഏരൂരില്‍ ഏഴുവയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലം എസ്ഐയ്ക്കെതിരെ നടപടി. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്ഐ ലിസിക്കെതിരെയാണ് നടപടി. ഏരൂര്‍ എസ്ഐയാണ് ലിസി. ഇവരെ ലിസിയെ ചുമതലകളില്‍ നിന്ന് നീക്കി പകരം എസ്എച്ച്ഒ ആയി ഗോപകുമാര്‍ ചുമതലയേറ്റു. പെണ്‍കുട്ടിയെ കാണാതായ വിവരം അറിയിച്ചെങ്കിലും സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന ലിസി നടപടി എടുത്തില്ലെന്നും അവധിയെടുത്ത് പോവുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. 
     
    കഴിഞ്ഞ ബുധനാഴ്ച ട്യൂഷന്‍ ക്ലാസില്‍ പേബായ ശ്രീലക്ഷ്മി എന്ന കുട്ടിയെ ആണ് കാണാതായത്. കുളത്തൂപുഴ ആര്‍.പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് പിറ്റേന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനെ അറസ്റ്റു ചെയ്തിരുന്നു. രാജേഷിനൊപ്പമായിരുന്നു കുട്ടി ക്ലാസില്‍ പോയത്. ട്യുഷന്‍ സെന്ററില്‍ എത്തിക്കുന്നതിനു പകരം ഇയാള്‍ കുട്ടിയെ റബര്‍ ഷെഡില്‍ എത്തിച്ച് മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഉപേക്ഷിച്ച് കളഞ്ഞ ഇയാളെ രാത്രിയോടെ പിടികൂടിയിരുന്നു.