• ഐഡിയ ഡേ: നൂതനാശയങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്റെ കൈത്താങ്ങ്

   
  പ്രത്യേക ലേഖകന്‍
   
  നൂതനാശയങ്ങള്‍ക്കായി യാഥാര്‍ഥ്യമാക്കുന്നതിന്  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍(കെഎസ്യുഎം) രൂപം നല്‍കിയ സാമ്പത്തിക സഹായപദ്ധതി ഐഡിയ ഡേ എന്ന പേരില്‍ സംസ്ഥാനത്തെ സാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കെത്തുന്നു. നവീനവും വിപണനയോഗ്യവുമായ സാങ്കേതിക ഉത്പ്പന്നങ്ങളോ ആശയങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായധനം നല്‍കുന്നതിനുവേണ്ടി  കെഎസ്യുഎം "ഇന്നവേഷന്‍ ഫണ്ട്" രൂപീകരിച്ചു. കെഎസ്യുഎം കോളജുകളില്‍ രൂപീകരിച്ചിട്ടുള്ള നൂതന സംരംഭക വികസന കേന്ദ്രങ്ങളിലുള്ള (ഐഇഡിസി) സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തില്‍നിന്നുള്ള സാങ്കേതിക സംരംഭകര്‍ക്കും സഹായം ലഭ്യമാകും. എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ച്ചയാണ് ഐഡിയ ഡേ ആയി നിശ്ചയിച്ചിട്ടുള്ളത്. ഈ ദിവസം അവതരിപ്പിക്കപ്പെടേണ്ട ഉത്പ്പന്നങ്ങളും ആശയങ്ങളുമായി വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എല്ലാ മാസവും 25 വരെ അപേക്ഷിക്കാം. പദ്ധതിക്ക് തുടക്കം കുറിക്കുന്ന ഈ മാസത്തെ  ഐഡിയ ഡേയിലെ പങ്കാളിത്തത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 29 വരെ നീട്ടിയിട്ടുണ്ട്.
   
  ഐഡിയ ഗ്രാന്റ്, പ്രോട്ടോടൈപ്പ് ഗ്രാന്റ്, സ്‌കെയില്‍ അപ് ഗ്രാന്റ് എന്നിങ്ങനെ തരംതിരിച്ചാണ് സഹായം നല്‍കുന്നത്. അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുത്തവരുടെ ആശയങ്ങളും ഉത്പ്പന്നങ്ങളും വിദഗ്ധ പാനലിന് മുന്‍പില്‍ അവതരിപ്പിക്കാനുള്ള അവസരം സംരംഭകര്‍ക്കു ലഭിക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഗ്രാന്റിന് അപേക്ഷിക്കാന്‍ യോഗ്യരാണ്. എല്ലാ അപേക്ഷകളും ആദ്യ ഘട്ടത്തില്‍ കെഎസ്യുഎമ്മിന്റെ ഇന്റേണല്‍ കമ്മിറ്റി സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും. ആഗോള തലത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാവുന്ന  നൂതനാശയങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളു. ഉല്പന്നങ്ങള്‍ക്കായിരിക്കും ഗ്രാന്റ് നല്‍കുക. സേവനങ്ങള്‍ പരിഗണിക്കുകയില്ല.  സാമൂഹികപ്രസക്തിയുള്ള പദ്ധതികള്‍ക്കും ആശയങ്ങള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത അപേക്ഷകരെ ഐഡിയ ഡേയ്ക്ക് അഞ്ചുദിവസം മുന്‍പ് വിവരം അറിയിക്കും. കെഎസ്യുഎമ്മിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫിസുകളില്‍ ഏതെങ്കിലും ഒരു ക്യാംപസില്‍ ആയിരിക്കും ഐഡിയ ഡേ ആചരിക്കുക. വേദിയെ സംബന്ധിച്ചുള്ള വിവരവും ഐഡിയ ഡേയ്ക്ക് അഞ്ചുദിവസം മുന്‍പ് അറിയിക്കുന്നതായിരിക്കും. തെരഞ്ഞെടുക്കപ്പെടാത്ത അപേക്ഷകരെ മുപ്പതാം തിയതിക്കകം ഇ-മെയിലിലൂടെ അറിയിക്കുന്നതായിരിക്കും.
   
  തെരഞ്ഞെടുത്ത ഓരോ അപേക്ഷകര്‍ക്കും അവരുടെ ആശയം അവതരിപ്പിക്കാന്‍ പത്തുമിനിറ്റ് വീതം ലഭിക്കും. ആശയം, സവിശേഷത, പ്രശ്ന നിര്‍വചനം, പരിവര്‍ത്തനപരത, ചെലവ് തുക എസ്റ്റിമേറ്റ്, ടീം എന്നിവ സംബന്ധക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്ന ആറ് സ്ലൈഡുകള്‍ പ്രസന്റേഷനില്‍ ഉണ്ടായിരിക്കണം.
   
  ഒരു ഉത്പ്പന്നത്തിന്റെ ആശയപ്രസ്താവനയും ആദ്യ മാതൃകയും സ്വന്തമായുള്ള വ്യക്തികള്‍ക്ക് ഇന്നവേഷന്‍ ഗ്രാന്റിനായി അപേക്ഷിക്കാം.
   
  ആഗോളസാധ്യതയും വിപണിമൂല്യവുമുള്ള ഇന്‍ക്യൂബേഷനിലുള്ള സ്റ്റാര്‍ട്ടപ്പുകളെയും പരിഗണിക്കും. കേരളത്തിലെ 193 കോളെജുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്നവേഷന്‍ ഓന്‍ട്രപ്രനര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളിലൂടെ നിലവില്‍ കെഎസ്യുഎം വിദ്യാര്‍ഥി സംരംഭകര്‍ക്കായി ഇന്നവേഷന്‍ ഫണ്ട് നല്‍കുന്നുണ്ട്. ഇതിനുപുറമേയാണ് പൊതുസമൂഹത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഐഡിയ ഡേ എന്ന പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 
   
  ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് www.startupmission.kerala.gov.in/ideaday എന്ന വെബ്പേജ് സന്ദര്‍ശിക്കുക