• രാമലീല ഈ മാസം 28ന് ചിത്രം തീയറ്ററുകളില്‍ എത്തും

    ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച ബിഗ് ബജറ്റ് ചിത്രം "രാമലീല" തീയറ്ററുകളില്‍ എത്തുകയാണ്. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ചിത്രം വൈകിയത്. ഈ മാസം 28ന് ചിത്രം തീയറ്ററുകളില്‍ എത്തും. സൂപ്പര്‍ ഹിറ്റുകളുടെ തിരക്കഥാകൃത്തായ സച്ചിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകുന്നത് പ്രയാഗ മാര്‍ട്ടിനാണ്.
    പുലിമുരുകന്റെ ബ്രഹ്മാണ്ട വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. പിതാവിന്റെ മരണത്തെ തുടര്‍ന്ന് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങേണ്ടി വരുന്ന മകന്റെ കഥയാണ് ചിത്രം പറയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രമൊരുക്കുന്നത്. പഴയകാല നായികയും നടന്‍ ശരത്കുമാറിന്റെ ഭാര്യയുമായ രാധിക ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപീ സുന്ദറാണ്.
     
    രണ്‍ജി പണിക്കര്‍, ശ്രീനിവാസന്‍, ഹരീശ്രീ അശോകന്‍, രമേഷ് പിഷാരടി, ഹരീഷ് പേരടി, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, വിജയരാഘവന്‍, മുകേഷ്, സലിംകുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് രാമലീല. 2006-ല്‍ ഉദയകൃഷ്ണ-സിബി കെ. തോമസ് ടീമിന്റെ രചനയില്‍ ജോഷി ഒരുക്കിയ "ലയണ്‍" എന്ന ചിത്രത്തില്‍ ദിലീപ് കരുത്തനായ രാഷ്ട്രീയക്കാരന്റെ വേഷം അണിഞ്ഞിരുന്നു. സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രത്തില്‍ കാവ്യ മാധവനായിരുന്നു നായിക. പിന്നീട് വിജി തന്പിയുടെ സംവിധാനത്തില്‍ "നാടേടിമന്നന്‍" എന്ന ചിത്രത്തിലും ദിലീപ് രാഷ്ട്രീയക്കുപ്പായം അണിഞ്ഞെങ്കിലും പ്രേക്ഷക പ്രീതി നേടാന്‍ കഴിഞ്ഞിരുന്നില്ല.