• അതിരപ്പിള്ളി പദ്ധതി; വി.എസ്. അച്യുതാനന്ദനും രംഗത്ത്.

    അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐയ്‌ക്കോപ്പം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും രംഗത്തെത്ത്. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കതത്തിനെതിരെ സര്‍ക്കാര്‍ വൃത്തങ്ങളും സിപിഎം നേതൃത്വവും വെട്ടിലായി. പദ്ധതി നടപ്പിലാകില്ലെന്ന ഉറച്ച നിലപാടുമായാണ് ഇന്ന് വി.എസ് രംഗത്തെത്തിയത്. ഇടതു മുന്നണി ഇതു സംബന്ധിച്ച് ആലോചനകളൊന്നും നടത്തിയിട്ടില്ലെന്നും ഘടകക്ഷികള്‍ അനുകൂല നിലപാട് അറിയിച്ചിട്ടില്ലെന്നും പറഞ്ഞ വി.എസ് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നും തുറന്നടിച്ചു. കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ, പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സിപിഐയും രംഗത്തെത്തിയിരുന്നു. 
     
    സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് സര്‍ക്കാരിനെയും വൈദ്യുതി മന്ത്രി എം.എം. മണിയേയും തള്ളി രംഗത്തെത്തിയത്. മന്ത്രി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും പദ്ധതിക്കു പിന്നില്‍ പണക്കൊതിയന്മാരായ ചില ഉദ്യോഗസ്ഥരാണെന്നുമായിരുന്നു പ്രകാശ് ബാബു കുറ്റപ്പെടുത്തിയത്. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ബുധനാഴ്ചയാണ് മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചത്. ഇതിനു പിന്നാലെ ശക്തമായ എതിര്‍പ്പുമായി സിപിഐയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് നടത്തിയത്.