• ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു

    യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്കു മാറ്റി. ദിലീപിനെ ഇല്ലാതാക്കാന്‍ ചലച്ചിത്ര മേഖലയിലയില്‍ ഗൂഢാലോചന നടന്നെന്നും പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ആ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയില്‍ കോട്‌നി ചൂണ്ടി കാട്ടുന്നു. ഹര്‍ജിയില്‍ പ്രോസിക്യൂഷന് വിശദീകരണം നല്‍കുന്നതിനായാണ് ഹര്‍ജി മാറ്റിയത്. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കുന്‌പോള്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
     
        വ്യാഴാഴ്ചയാണ് ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഒരുതരത്തിലുള്ള ഗുഢാലോചനയും നടത്തിയിട്ടില്ല. അറസ്റ്റോടെ താന്‍ അഭിനയിച്ച സിനിമയുടെ അണിയറക്കാരും പ്രതിസന്ധിയിലായി. നാലോളം സിനിമകളാണ് മുടങ്ങിക്കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 50 കോടിയോളം രൂപ നിര്‍മാതാക്കള്‍ മുടക്കിയിട്ടുണ്ടെന്നും അറസ്റ്റ് കാരണം ഈ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുടെ ഉപജീവനം തന്നെ ഇല്ലാതായിരിക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.  ആദ്യ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ പോലീസ് ഉന്നയിച്ച തടസവാദങ്ങളൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ദിലീപിന്റെ വാദം. അപ്പുണ്ണിയെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമാവുകയും ചെയ്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.