• മേധ പട്ക്കര്‍ ജയിലില്‍

  പ്രത്യേക ലേഖകന്‍
  ഇന്നലെ ഉച്ചതിരിഞ്ഞ് ഇന്ദോറിലെ ബോംബെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ച മേധാ പട്കറെ പിന്‍തുടര്‍ന്ന് പിടികൂടി ജയിലിലടച്ചു.
  എക്കല്‍ബാരയിലെ ഒരു സുഹൃത്തിന്റെ കാറില്‍ ചിക്കല്‍ദയിലെ സമരപ്പന്തലിലേക്ക് പുറപ്പെട്ട അവരെ പാതിവഴിയില്‍ പല വാഹനങ്ങളിലെത്തിയ പോലീസ് തടഞ്ഞു. മേധയുടെ കാര്‍ ഡ്രൈവറെ ഇറക്കിവിട്ട് പോലീസ് കാര്‍ പിടിച്ചെടുത്ത് ധാറിലേക്ക് പോയി.
   
  അവിടെ എസ്ഡിഎംന്റെ മുന്നില്‍ ഹാജരാക്കി. ദിവ്യമിത്തല്‍ എന്ന എസ്ഡിഎം മേധയോട് ഒരു എഗ്രിമെന്റില്‍ ഒപ്പിടാനാവശ്യപ്പെട്ടു .ഒരു വര്‍ഷത്തേക്ക് നര്‍മ്മദാവാലില്‍ പ്രവേശിക്കില്ലെന്നും നര്‍മ്മദാ ഡാം ദുരിതബാധിതരുമായി ബന്ധപ്പെടില്ലെന്നും ഒപ്പിടാന്‍ സമ്മതിക്കാതിരുന്ന മേധയെ സെക്.151 വകുപ്പു ചുമത്തി ജയിലിലടച്ചു. ആശുപത്രിയില്‍ സന്ദര്‍ശകരെയോ ഫോണോ അനുവദിക്കാതെ അടച്ചിട്ടത് ആരോഗ്യം രക്ഷിക്കാനാണ് എന്നവകാശപ്പെട്ട പോലീസ് അതേ അനാരോഗ്യത്തോടെ നിരാഹാരം തുടരുന്ന മേധയെ ജയിലിലടച്ചിരിക്കുന്നു. 
   
  ആരോഗ്യമല്ല മേധയെ സമരഭൂമിയില്‍ നിന്ന് മാറ്റി നിര്‍ത്തലാണ് അവരുടെ അജണ്ട. ഗുജറാത്തില്‍ മോദി ആഘോഷം സംഘടിപ്പിക്കുന്ന 12-ാം തിയ്യതി വരെയെങ്കിലും ജനങ്ങളില്‍ നിന്ന് മേധയെ അകറ്റി നിര്‍ത്താനുള്ള ശ്രമമാവാം ഇത്. ഗ്രാമവാസികള്‍ അതിലും കുടിയഭീതിയിലാണ്. ജയിലില്‍ മേധക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നവര്‍ ഭയപ്പെടുന്നു. മോദിയും ശിവരാജ് സിങ് ചൗഹാനും എന്തിനും മടിക്കില്ല എന്നാണ് ഇവരുടെ ആശങ്ക .