• പെണ്‍കുട്ടിയുടെ മരണം ; പ്രതിഷേധവുമായി നാട്ടുകാര്‍

  വെട്ടിത്തിട്ട നല്ലകുളം പരമൂട്ടില്‍ വീട്ടില്‍ ബിജു തോമസ്, ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജു(16) വിനെയാണ് കഴിഞ്ഞ മാസം 29ന് വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ കയറു മുറുകിയാണ് മരണം സംഭവിച്ചതെന്ന് സ്ഥിതികരിച്ചിരുന്നു. മുറിയുടെ വാതില്‍ തുറന്നു കിടന്നതും പെണ്‍കുട്ടി ധരിച്ചിരുന്ന സ്വാര്‍ണമാല നഷ്ടപ്പെട്ടതും കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍ അടുത്ത ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തും 
   
  എന്നാല്‍ സംഭവം നടന്നു 11 ദിവസം പിന്നിട്ടിട്ടും പെണ്‍കുട്ടിയുടെ മരണ കാരണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ കുടുംബശ്രീ സി.ഡി.എസ്സുകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച രാവിലെ 11 മണിയോടെ വെട്ടിത്തിട്ടയില്‍  പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. 
   
  പ്രകടനം അലിമുക്കിലെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച് വെട്ടിത്തിട്ട ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശശികല അധ്യക്ഷയായ പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത് അംഗം എസ്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. 
   
  മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ്  സൂസന്‍ കോടി, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്,  പിറവന്തൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് കെ.ജോസ്, പിറവന്തൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് റഷീദ് കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ചന്ദ്രിക രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.