• വരകളുടെയും നിറങ്ങളുടെയും ക്ലിന്റ്.

  വരകള്‍ക്കും നിറങ്ങള്‍ക്കും കൊച്ചുമനസിന്റെ അനന്തമായ ലോകം സൃഷ്ടിച്ച ബാലപ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റ്. ഏഴാം പിറന്നാളിന് ഒരു മാസം മാത്രുള്ള വേളയില്‍ ഈ ലോകത്തോടു യാത്ര പറയുന്‌പേള്‍ ഏകദേശം മുപ്പതിനായിരത്തിലധികം ചിത്രങ്ങള്‍ രചിച്ച ലോകത്തിനു സമ്മാനിച്ച അദ്ഭുതബാലന്‍.
   
  സൂര്യതേജസിന്റെ പ്രഭാവവുമായി ഭൂമിയില്‍ ജീവിച്ചിരുന്ന ക്ലിന്റിനെ വരുംകാല തലമുറയ്ക്ക് സാക്ഷ്യപത്രമായി തിളങ്ങാന്‍ പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ ഒരു ചലച്ചിത്രം ഒരുക്കിക്കഴിഞ്ഞു. ക്ലിന്റ് എന്ന പേരില്‍ത്തന്നെ ഹരികുമാര്‍ സംവിധാനംചെയ്യുന്ന ക്ലിന്റ് എന്ന ചിത്രത്തില്‍ വര്‍ണങ്ങളുടെ രാജകുമാരനായ ക്ലിന്റിന്റെ ജീവിതവും കലയും ദര്‍ശനവും സമന്വയിപ്പിക്കുകയാണ്. കൊച്ചി മുല്ലപ്പറന്പില്‍ തോമസ് ജോസഫിന്റെയും ഭാര്യ ചിന്നമ്മ ജോസഫിന്റെയും ഏക മകനായ ക്ലിന്റിനെ അവതരിപ്പിക്കുന്നതു തൃശൂര്‍ സ്വദേശിയായ മാസ്റ്റര്‍ അലോക് ആണ്. 
   
  അലോക് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ഇന്ത്യയില്‍ ഉടനീളമായി നടത്തിയ ഓഡിഷനില്‍നിന്നു ലഭിച്ച എണ്ണായിരത്തിലധികം അപേക്ഷകളില്‍നിന്നുമാണ് ഭാഗ്യംപോലെ അലോകിനെ കണ്ടെത്തിയത്. മാസ്റ്റര്‍ അലോകിന്റെ അസാധാരണമായഅഭിനയംതന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
  ക്ലിന്റിന്റെ അച്ഛന്‍ തോമസ് ജോസഫിനെ ഉണ്ണി മുകുന്ദനും ചിന്നമ്മയെ റിമ കല്ലുങ്കിലും അവതരിപ്പിക്കുന്നു. സലിംകുമാര്‍,ജോയ് മാത്യു, രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, കെ.പി.എ.സി ലളിത, ബേബി അക്ഷര എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ബാലതാരങ്ങള്‍ തരു, നക്ഷത്ര, ദ്രുപത്, അമിത്, അമര്‍ എന്നിവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
   
  ഇതു വെറും കുട്ടിയുടെ ജീവിതകഥയല്ല, മറിച്ച് മികച്ച സാങ്കേതികതയും ഗ്രാഫിക്‌സും പ്രയോജനപ്പെടുത്തി ക്ലിന്റിന്റെ അവസാനത്തെ ഒന്നര വര്‍ഷത്തെ അദ്ഭുത മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്. - സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം മധു അന്പാട്ട് നിര്‍വഹിക്കുന്നു. ഹരികുമാര്‍, കെ.വി. മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം എഴുതുന്നത്. പ്രഭാവര്‍മയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു. വിജയ് യേശുദാസ്, ശ്രേയാ ഘോഷാല്‍, ഇളയരാജ എന്നിവരാണ് ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ ആലപിക്കുന്നത്.